ഞാനൊരു കർക്കശക്കാരനായ അച്ഛൻ ;മകനോട് ദയയുള്ള ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല; ജാക്കി ചാൻ

ലോകമെമ്പാടും ആരാധകരുള്ള നടനാണ് ജാക്കി ചാൻ. തന്റെ മകൻ ജെയ്സി ചാനെ വളർത്തുന്നതിൽ തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ജാക്കി ചാനിപ്പോൾ.
അതോടൊപ്പം താനൊരു കർക്കശക്കാരനായ അച്ഛനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രായം കൂടുന്തോറും മാത്രമാണ് താൻ ആ സമീപനത്തിൽ നിന്നും മാറ്റം വരുത്തിയതെന്നും മകനുമായുള്ള ബന്ധം മോശമാകാൻ അത് കാരണമായെന്നും ജാക്കി ചാൻ മനസ്സുതുറന്നു.
ഒരു വർഷത്തോളം ഫോൺ വിളി പോലും തങ്ങൾ തമ്മിൽ ഇല്ലായിരുന്നുവെന്നും ജാക്കി ചാൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ വിസ്പേഴ്സ് ഓഫ് ഗ്രാറ്റിറ്റ്യൂഡിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാക്കി ചാൻ.
"പണ്ട്, എന്റെ മകനെ കാണുമ്പോഴെല്ലാം ഞാൻ അവനെ ശകാരിച്ചിരുന്നു. ദയയുള്ള ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സത്യത്തിൽ ഞാൻ തെറ്റാണ് ചെയ്തത്.
ഞാൻ അവന് കൂടുതൽ സ്വാതന്ത്ര്യം നൽകണമായിരുന്നു. ജെയ്സി എന്റെ എല്ലാ പിറന്നാളിനും വിളിച്ച് ആശംസ നേരുമായിരുന്നു. ഒരിക്കൽ അങ്ങനെ വിളിച്ചപ്പോൾ ഞാൻ ശകാരിച്ചു.
പിന്നെ എപ്പോഴെങ്കിലും വിളിക്കൂ എന്ന് ഞാനവനോട് പറഞ്ഞു. പക്ഷേ ആ ശകാരം കേട്ടതോടെ അവൻ എന്നെ വിളിക്കുന്നത് പൂർണമായും നിർത്തി.
ഒരു വർഷത്തോളം അങ്ങനെ പോയി. പ്രായം കൂടുന്തോറും മാത്രമാണ് ഞാൻ 'കർക്കശക്കാരനായ അച്ഛൻ' എന്ന സമീപനത്തിൽ അയവ് വരുത്താൻ തുടങ്ങിയത്.
ഇന്ന് മകനിൽ പ്രതീക്ഷകൾ അടിച്ചേൽപ്പിക്കുന്നില്ല.
അവൻ സുരക്ഷിതവും സന്തുഷ്ടവുമായ ജീവിതം നയിച്ചാൽ മാത്രം മതി", ജാക്കി ചാൻ പറഞ്ഞു. ജാക്കിയുടെയും തായ്വാൻ നടി ലിൻ ഫെങ്ജിയാവോയുടെയും ഏക മകനാണ് ജെയ്സി ചാൻ.
അച്ഛന്റെ പാത പിന്തുടർന്ന ജെയ്സി നിരവധി സിനിമകളിൽ അഭിനയിക്കുകയും മ്യൂസിക് ആൽബങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
'ഗുഡ് നൈറ്റ് ബെയ്ജിങ്' എന്ന സിനിമയും ജെയ്സി ചാൻ സംവിധാനം ചെയ്തിട്ടുണ്ട്.

