അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായ കുറിപ്പുമായി നടി മാളവിക നായർ

അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് നടി മാളവിക നായർ. അമ്മയുടെ ഓർമകളടങ്ങിയ വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി ഇപ്പോൾ.
ഒരു ദുഃസ്വപ്നമായിരുന്നു ഇതെങ്കിലെന്ന് താൻ ആഗ്രഹിച്ചു പോകുന്നു എന്ന് പറഞ്ഞാണ് മാളവികയുടെ കുറിപ്പ്.
ഉണരുമ്പോൾ എന്നും പതിവുള്ള ചിരിയോടെ അമ്മ അരികിലുണ്ടെങ്കിൽ എന്ന് ആശിച്ചു പോകുന്നു എന്ന് മാളവിക കുറിക്കുന്നു.അമ്മയെ കൊണ്ടുപോയതിനാൽ വെറുക്കുന്ന വർഷമാണ് 2025.
എന്നെ നയിച്ചിരുന്ന വെളിച്ചം എന്നെന്നേക്കുമായി നഷ്ടമായതായും മാളവിക പറയുന്നു.
കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലമായിരുന്നു മാളവികയുടെ അമ്മ സുചിത്രയുടെ അപ്രതീക്ഷത മരണം.
മാളവികയുടെ കൂടെ മുംബൈയിലായിരുന്നു സുചിത്ര താമസിച്ചിരുന്നത്.
അവിടെവച്ചാണ് ഹൃദയാഘാതം സംഭവിച്ചതും.
നിരവധി പേരാണ് മാളവികയുടെ പോസ്റ്റിന് താഴെ ആശ്വാസ വാക്കുകളുമായെത്തിയിരിക്കുന്നത്.
മാളവികയുടെ കുറിപ്പ്
‘ഇതൊരു ദുഃസ്വപ്നം മാത്രമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു.
ഉണരുമ്പോൾ, എപ്പോഴത്തെയും പോലെ പുഞ്ചിരിച്ചു കൊണ്ട് അമ്മ എന്റെയരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്.
അമ്മയായിരുന്നു എന്റെയെല്ലാം. എന്റെ ഓരോ തീരുമാനങ്ങളിലെയും വഴികാട്ടി, ഞാൻ തളർന്നപ്പോൾ എന്റെ ശക്തി, ഞാൻ എവിടെയായിരുന്നാലും എന്റെ വീട്.
അമ്മയെ നഷ്ടപ്പെട്ടത്, എനിക്ക് എന്നെ നയിച്ചിരുന്ന വെളിച്ചം നഷ്ടപ്പെട്ടതു പോലെയാണ്. പക്ഷേ അമ്മേ, ഞാൻ ഒന്നുറപ്പ് തരുന്നു.
അമ്മയുടെ സ്വപ്നങ്ങൾ ഞാൻ നിറവേറ്റും, എനിക്കായി അമ്മ ആഗ്രഹിച്ച ജീവിതം ഞാൻ ജീവിക്കും.
എന്റെ ഓരോ ശ്വാസത്തിലും, ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും അമ്മയുടെ സ്നേഹം എന്റെ കൂടെയുണ്ടാകും.
അമ്മയിപ്പോൾ അമ്മയുടെ അച്ഛന്റെയും അമ്മയുടെയും അടുത്ത് സമാധാനമായിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
അവിടെയിരുന്ന് അമ്മ എന്നെ നോക്കിക്കാണുന്നുണ്ടാകും.
അമ്മയെ വീണ്ടും കാണുന്നതിനായി ഞാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കും.
2025 എന്നെ തകർത്തു കളഞ്ഞത് എനിക്കൊരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത രീതിയിലായിരുന്നു. അമ്മയെ എന്നിൽ നിന്നും തട്ടിയെടുത്തതിന് ഈ വർഷത്തെ ഞാൻ വെറുക്കുന്നു’.

