Kaumudi Plus

"ഇന്നറിയാം".......കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

ഇന്നറിയാം.......കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
X

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്നു പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന വിഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ ഒറ്റപ്പേരിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേർന്നു. ഇന്ന് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ തീരുമാനം മുദ്ര വെച്ച കവറിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എത്തിക്കും.നിയമസഭാകക്ഷി യോഗത്തിൽ വെച്ചാകും പുതിയ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നത്. യോഗത്തിൽ ദീപാദാസ് മുൻഷിക്ക് പുറമെ, രണ്ട് കേന്ദ്ര നിരീക്ഷകരും പങ്കെടുത്തേക്കും. വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെല്ലാം യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഒമ്പതുദിവസം നീണ്ട സുദീർഘമായ ചർച്ചകൾക്കൊടുവിലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഹൈക്കമാൻഡ് ഒടുവിൽ തീരുമാനത്തിലെത്തിച്ചേർന്നിട്ടുള്ളത്.

മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഹൈക്കമാൻഡിന്റെ ഫോർമുല മത്സരരംഗത്തുള്ള എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷനേതാവായിരുന്ന വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്താനുള്ള നടപടി മാത്രമാണ് ബാക്കിയുള്ളത്. ഇന്നു രാവിലെ അതുകൂടി പൂർത്തിയാക്കിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. അന്തിമ പ്രഖ്യാപനത്തിന് മുമ്പ് ഘടകകക്ഷികളുമായും ഹൈക്കമാൻഡ് സംസാരിച്ചേക്കും.ഘടകകക്ഷി എംഎൽഎമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ കോൺഗ്രസ് നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ കേരള കോൺഗ്രസ് എംഎൽഎമാരുടെ ഇന്നത്തെ യോഗം തിരുവനന്തപുരത്തേക്ക് മാറ്റി. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം കഴിഞ്ഞ് ഉച്ചയ്ക്ക് 2 മണിക്ക് യുഡിഎഫ് എംഎൽഎമാരുടെ യോഗം നിശ്ചയിച്ചിട്ടുണ്ട്. തുടർന്ന് മുഖ്യമന്ത്രിയെ അംഗീകരിച്ച് കത്ത് കൈമാറും. ഈ പിന്തുണ സഹിതമാണ് മുഖ്യമന്ത്രി സർക്കാർ രൂപവത്കരണത്തിനായി ഗവർണറെ കാണുക. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 102 സീറ്റുകളാണ് ലഭിച്ചത്.

Next Story
Share it