തെരുവുനായ് ശല്യം; സംരക്ഷകർക്ക് പിഴ ഈടാക്കാനൊരുങ്ങി സുപ്രീംകോടതി

ന്യൂഡൽഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കോ മരണമോ സംഭവിച്ചാൽ ഇനി മുതൽ പിഴ ഈടാക്കും .
ഈ സാഹചര്യത്തിൽ സർക്കാരിനും നായ്ക്കൾക്കു ഭക്ഷണം നൽകുന്നവർക്കും പിഴ ചുമത്തുമെന്നു സുപ്രീം കോടതി വ്യക്തമാക്കി .
തെരുവുനായ്ക്കളുടെ അവസ്ഥയിൽ ആശങ്കയുള്ളവർ അവയെ അലഞ്ഞു തിരിയാനും പൊതുജനങ്ങളെ കടിക്കാനും അനുവദിക്കുന്നതിനു പകരം വീടുകളിലേക്കു കൊണ്ടുപോകണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി.അഞ്ജാരിയ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
തെരുവുനായ് ആക്രമണവുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്തഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്.
തെരുവുനായ കടിച്ചുണ്ടാകുന്ന പരുക്കിനും മരണത്തിനും അധികൃതർ നഷ്ടപരിഹാരം നൽകുമെന്നു കരുതുന്നു.
നായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നുവെന്നു പറയുന്നവർക്കും ഇതിൽ ബാധ്യതയുണ്ടാകും.
ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
ലഡാക്കിൽ തെരുവുനായ്ക്കൾ അപൂർവ ജീവജാലങ്ങൾക്കു ഭീഷണിയാകുന്നുവെന്ന വാർത്ത കോടതിയിൽ വിശദീകരിച്ച മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ സ്ഥാപനങ്ങളുടെ പരിസരത്തു നായ്ക്കൾക്കു പ്രവേശിക്കാൻ അനുവാദം നൽകരുതെന്നു വാദിച്ചു.
നായ്ക്കളുടെ ശല്യം കോടതി പരിസരത്തുമുണ്ടെന്നായിരുന്നു ജസ്റ്റിസ് സന്ദീപ് മേത്തയുടെ പ്രതികരണം. ഈ വിഷയം 20 ന് വീണ്ടും പരിഗണിക്കും.

