Kaumudi Plus

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

Ex-Union Minister and veteran Congress leader Suresh Kalmadi dies at 81

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു
X

പൂനെ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സുരേഷ് കൽമാഡി (81) അന്തരിച്ചു.

പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദീർഘകാല അസുഖത്തെത്തുടർന്നാണ് അന്ത്യം.

ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ പൂനെ എറണ്ടവാനിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് 3.30ന് നവി പേട്ടിലെ വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാരം നടക്കും.

ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള കൽമാഡി, ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷന്റെയും അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും പ്രസിഡന്റായും പ്രവർത്തിച്ചു. 1996 മുതൽ IOA പ്രസിഡന്റായിരുന്ന അദ്ദേഹം 2004, 2008 എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

2010ലെ കോമൺവെൽത്ത് ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പ്രതിയായിരുന്നു കൽമാഡി. ഫണ്ട് ദുരുപയോഗം ആരോപിച്ച് 2011 ഏപ്രിലിൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. 2016ൽ IOA അദ്ദേഹത്തെ ലൈഫ് പ്രസിഡന്റായി നാമനിർദേശം ചെയ്തെങ്കിലും കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്ന് ആ സ്ഥാനം നിരസിക്കുകയായിരുന്നു.

രാഷ്ട്രീയ ജീവിതത്തിന് മുമ്പ് 1964 മുതൽ 1974 വരെ ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ചു. 1965, 1971ലെ ഇന്ത്യ-പാക് യുദ്ധങ്ങളിൽ പങ്കെടുത്ത അദ്ദേഹത്തിന് എട്ട് സൈനിക മെഡലുകൾ ലഭിച്ചിരുന്നു.

1978ൽ മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പ്രസിഡന്റായി രാഷ്ട്രീയരംഗത്ത് സജീവമായ കൽമാഡി 1982ൽ രാജ്യസഭാംഗമായി. 1996ൽ പൂനെ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി. 1995 സെപ്റ്റംബർ മുതൽ 1996 ജൂൺ വരെ പി. വി. നരസിംഹറാവു മന്ത്രിസഭയിൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്നു. പാർലമെന്റിൽ റെയിൽവേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രി എന്ന ബഹുമതിയും കൽമാഡിക്ക് സ്വന്തം.

കായിക മേഖലയിലെ പ്രവർത്തനങ്ങളിലൂടെയും പൂനെയുടെ വികസനത്തിലും കൽമാഡി നിർണായക പങ്ക് വഹിച്ചിരുന്നു.

Tags:
Next Story
Share it