Kaumudi Plus

"പടനയിച്ചവൻ" കേരളത്തെ നയിക്കും ; കേരളത്തിന്റെ സതീശനിസം

പടനയിച്ചവൻ  കേരളത്തെ നയിക്കും  ; കേരളത്തിന്റെ സതീശനിസം
X

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം. കേരള മുഖ്യമന്ത്രിയായി വിഡി സതീശൻ . എംഎൽഎമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാൻഡ് തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഇതുസംബന്ധിച്ച പ്രഖ്യാപനം ഡൽഹിയിൽ നടത്തി. നേരത്തെ കേരളത്തിലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, വിഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി ഹൈക്കമാൻഡ് ചർച്ച നടത്തിയിരുന്നു. ലീഗ് നേതൃത്വത്തെയും തീരുമാനം അറിയിച്ച ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.പറവൂർ നിയോജകമണ്ഡലത്തിൽ നിന്നാണ് വിഡി സതീശൻ നിയമസഭയിലെത്തിയത്. പ്രതിപക്ഷനേതാവെന്ന നിലയിൽ യുഡിഎഫിനെ ഒറ്റക്കെട്ടായി മുന്നിൽനിന്നു നയിച്ചതാണ് സതീശന് കൈമുതലായത്. നൂറിലധികം സീറ്റിലേക്ക് യുഡിഎഫ് എത്തിയത് അദ്ദേഹത്തിന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന വിലയിരുത്തലും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണയും സതീശന് തുണയായി. എറണാകുളത്തുനിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് സതീശൻ.

കേരളത്തിൽ നിന്നുളള എംഎൽഎമാരുടെ പിന്തുണയും ദേശീയ നേതൃത്വത്തിന്റെ താത്പര്യവും കെസി വേണുഗോപാലിന് തുണയ്ക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കർണാടകയിലും തെലങ്കാനയിലും എംഎൽഎമാരുടെ തലയെണ്ണി മുഖ്യമന്ത്രിയെ തീരുമാനിച്ചത് കെസി പക്ഷം ഓർമിപ്പിച്ചെങ്കിലും അത് ഗുണം കണ്ടില്ല. സീനിയറായ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ചെന്നിത്തല അനുകൂലികളും രംഗത്ത് വന്നിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ ചരിത്രവിജയം നേടിയാണ് ഒരു പതിറ്റാണ്ടിന് ശേഷം യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. കേരളത്തിന്റെ ചരിത്രലാദ്യമായാണ് ഒരു മുന്നണി നൂറിലേറെ സീറ്റ് നേടി അധികാരത്തിലെത്തുന്നത്. 63 സീറ്റ് നേടി കോൺഗ്രസ് വലിയ ഒറ്റകക്ഷിയായി. മുസ്ലീംലീഗ് 22, കേരള കോൺഗ്രസ് ജോസഫ് 7, ആർഎസ്പി 3, ആർഎംപി 1, കേരളാ കോൺഗ്രസ് ജേക്കബ് 1, സിഎംപി, നാല് സ്വതന്ത്രർ എന്നിവർ ഉൾപ്പെടെ യുഡിഎഫിന്റെ അംഗബലം 102 ആണ്.

Next Story
Share it